Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.D. Thomas

'മുഖ്യമന്ത്രി ആരായാലും സന്തോഷം; തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളും': എ.ഡി. തോമസ്

ആലപ്പുഴ: ആലപ്പുഴയുടെ നിയുക്ത എംഎൽഎ എ.ഡി. തോമസ് തന്‍റെ കർമപദ്ധതികളെ കുറിച്ച് സംസാരിക്കുന്നു.

പതിനാറാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സാമാജികന് യുവാക്കളോട് പറയാനുള്ളത്

കഴിഞ്ഞ സർക്കാർ പിൻവാതിൽ നിയമനങ്ങളിലൂടെ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റി അർഹിച്ച നിയമനങ്ങൾ നടത്താതിരുന്നതിനെതിരേയും പിഎസ്‌സിയുടെ കെടുകാര്യസ്ഥതയ്ക്കെതിരേയും നിരവധി സമരങ്ങൾ നയിച്ചയാളാണ് ഞാൻ.അതുകൊണ്ടുതന്നെ ഈ സർക്കാർ പിഎസ് സി സംവിധാനങ്ങൾ കൂടുതൽ സുതാര്യമാക്കും.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യും. തൊഴിലും കൂടുതൽ വരുമാന സാഹചര്യവും ഉണ്ടാകുന്ന സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ച് യുവ തലമുറയെ ഈ രാജ്യത്ത് തന്നെ നിലനിർത്തുന്നത്തിനുള്ള ഇടപെടൽ സ്വീകരിക്കും.

പരമ്പരാഗത തൊഴിൽ സംരക്ഷണം ഉറപ്പു നൽകും

ആലപ്പുഴ ജില്ലയിലെ കയർ മേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കൂലി വർധനവ് ഉണ്ടായിട്ടില്ല. കയർ വ്യവസായം തകർച്ചയുടെ വക്കിലാണ്. പരമ്പരാഗത മത്സ്യബന്ധന മേഖലയ്ക്കും കഴിഞ്ഞ സർക്കാർ വേണ്ടവിധത്തിലുള്ള സംരക്ഷണം ഉറപ്പു നൽകിയിരുന്നില്ല. മത്സ്യത്തൊഴിലാളിയാണ് ഞാൻ, അവരുടെ പ്രശ്നങ്ങൾ നേരിട്ട് അനുഭവിക്കുന്നവൻ. അതുകൊണ്ടുതന്നെ പരമ്പരാഗത തൊഴിൽ മേഖലയുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകും.

ആലപ്പുഴയുടെ ടൂറിസം വ്യവസായം, കനാൽ നവീകരണം.

ടൂറിസം മേഖല ഏറ്റവും അധികം പ്രയോജനപ്പെടുത്താൻ കഴിയുന്ന ജില്ലയാണ് ആലപ്പുഴ. കെ.സി. വേണുഗോപാൽ ടൂറിസം മന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് ജില്ലയിലെ ടൂറിസം മേഖലയിൽ വലിയൊരു പുരോഗതി ഉണ്ടായത്. കനാൽ നവീകരണമടക്കം നിരവധി പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി.

എന്നാൽ കഴിഞ്ഞ സർക്കാരിന്‍റെ ഭാഗത്തുനിന്നും ആലപ്പുഴയിലെ ടൂറിസം മേഖല നേരിട്ടത് അവഗണനയാണ്. നിരവധി തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന, അനേകം കുടുംബങ്ങളുടെ ആശ്രയമാണ് ആലപ്പുഴയിലെ ടൂറിസം മേഖല. അതുകൊണ്ട് തന്നെ ആലപ്പുഴയിലെ ടൂറിസം വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും.

കെ.സി , വി.ഡി, ആർ.സി, മുഖ്യമന്ത്രി ആരായാലും സന്തോഷം

മുഖ്യമന്ത്രി ആരായാലും സന്തോഷം. പാർട്ടി നേതൃത്വമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. ആര് മുഖ്യമന്ത്രിയായാലും സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങൾക്കും ജനക്ഷേമപ്രവർത്തനങ്ങൾക്കു ഒരുപോലെ പിന്തുണ നൽകി ഒപ്പമുണ്ടാകും

കെ.സി. വേണുഗോപാൽ എന്‍റെ നേതാവാണ്. എന്‍റെ നേട്ടങ്ങളുടെ പിന്നിൽ അദ്ദേഹമാണ്. ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിൽ വിദ്യാർഥിയായിരുന്ന കാലം മുതൽ രാഷ്ട്രീയപരമായും വ്യക്തിപരമായും സംരക്ഷിക്കുകയും ചേർത്തുനിർത്തുകയും ചെയ്തയാളാണ് കെ.സി. എന്‍റെ ജീവിതത്തിൽ എനിക്ക് എന്‍റെ മാതാപിതാക്കളെ പോലെ തന്നെയാണ് കെ.സി. വേണുഗോപാൽ.

എല്ലാവരോടും നന്ദി

ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ, പരിമിതമായ സാഹചര്യത്തിൽ ജനിച്ചു വളർന്ന എന്നെ വിജയിപ്പിച്ച ആലപ്പുഴയിലെ ജനങ്ങളോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. അത് ഇനിയുള്ള പ്രവർത്തനങ്ങളിലും ഉണ്ടാകും.

5000, 6000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലുള്ള ജയമാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ 20,000 ത്തിൽ അധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലുള്ള വിജയം ആലപ്പുഴ എനിക്ക് നൽകി. വിവിധ മേഖലയിലെ തൊഴിലാളികൾ എല്ലാവരും എന്നെ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തു. എല്ലാവരോടും നന്ദി.

Latest News

Corehub Up